വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു


വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുമായി മെറ്റ എത്തുന്നു. ഇനി പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഒന്നും മിസ്സാകില്ല. നിങ്ങൾ തിരഞ്ഞെടുത്തിട്ടുളള കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട് നൽകുന്ന ഒരു ഫീച്ചറാണ് ഇനി വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.24.22.21-ൽ ഈ ഫീച്ചർ ലഭ്യമാണ്.ഈ പുതിയ ഫീച്ചർ വഴി ആവശ്യമുള്ള തിരഞ്ഞെടുത്ത കോൺടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വരുമ്പോൾ ഉടൻ തന്നെ നോട്ടിഫിക്കേഷനുകൾ ലഭിക്കും. ഒരു കോൺടാക്റ്റിന്റെ സ്റ്റാറ്റസ് വിൻഡോയിൽ തന്നെ ഇതിനായുള്ള പ്രത്യേക ഓപ്ഷൻ ലഭ്യമാകും. ഇത് ഓൺ ചെയ്‌താൽ ആ വ്യക്തി പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കും.

ഈ നോട്ടിഫിക്കേഷനിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ആളുടെ പേരും പ്രൊഫൈൽ ചിത്രവും കാണാൻ സാധിക്കും. അതിനാൽ ആപ്പ് തുറക്കാതെ തന്നെ ആരാണ് പുതിയ സ്റ്റാറ്റസ് ഇട്ടതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എപ്പോൾ വേണമെങ്കിലും ഈ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാനും സാധിക്കും. അതിനായി അതേ സ്റ്റാറ്റസ് വിൻഡോയിൽ പോയി മ്യൂട്ട് നോട്ടിഫിക്കേഷൻ ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.മറ്റൊരാളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി അലേർട്ടുകൾ ഓൺ ചെയ്യുന്നത് ഒരു സ്വകാര്യ കാര്യമായിരിക്കും. അതായത് നിങ്ങൾ അവരുടെ സ്റ്റാറ്റസ് അലേർട്ടുകൾ ഓൺ ചെയ്തിട്ടുണ്ടെന്ന് അവർക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ഇത് നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും.

0 Comments