ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ‘ഓടും കുതിര ചാടും കുതിര’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാള സിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഒരു പക്കാ റൊമാന്റിക് കോമഡി എന്റർടെയ്നറാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
‘അൽപ്പം വട്ടുള്ള പ്രണയമാണേ…’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയ്‌ലർ കാണുമ്പോൾത്തന്നെ ചിത്രത്തിന്റെ പ്രമേയം ‘വട്ടാണ്’ എന്ന് തോന്നാം. രസകരമായ കോമഡി രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഒരു ഇടവേളയ്ക്കുശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നിറഞ്ഞാടുന്ന ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. ഒപ്പം ഫാന്റസികൾ നിറഞ്ഞ കാമുകിയായി കല്യാണി പ്രിയദർശനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനും പുറമെ, ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിന് കൂടുതൽ നിറം നൽകുന്നു. ലാൽ തന്റെ പഴയ ചിത്രമായ ‘വൺ മാൻ ഷോ’യിലെ ഐക്കോണിക് ചിരി അവതരിപ്പിച്ചു പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. രേവതി പിള്ള, അനുരാജ് ഒ.ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു, ലക്ഷ്മി ഗോപാലസ്വാമി, ബാബു ആന്റണി, ജോണി ആന്റണി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
0 Comments