ദുരന്തബാധിത മേഖലകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

 

മേഘവിസ്‌ഫോടനമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ദുരിതബാധിത മേഖലകളില്‍ ടെലിഫോണ്‍ -വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇന്ന് ധരാലി സന്ദര്‍ശിക്കും.

മിന്നല്‍ പ്രളയത്തില്‍ 35 കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. 825ലേറെ ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ 15-20 അടി ഉയരത്തില്‍ കിടക്കുന്നതിനാല്‍ അതിനടിയില്‍ മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഏറെ ദുഷ്‌കരമായിരുന്നു. ദുരന്തബാധിത മേഖലയിലേക്ക് വലിയ യന്ത്രങ്ങള്‍ എത്തിക്കാന്‍ വഴിയില്ലാത്തതും കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. 700 ഓളം പേരെ പ്രശ്‌നബാധിത മേഖലകളില്‍ നിന്നും മാറ്റി.

അതേസമയം ദുരന്തബാധിതരെ സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകള്‍ പൂര്‍ണമായും നഷ്ടമായവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുനരുധിവാസത്തിന്റെ മേല്‍നോട്ടത്തിനായി മൂന്നംഗ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചു. സമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

Post a Comment

Previous Post Next Post